ഡോ. ബി. ഇക്ബാൽ, ന്യൂറോ വിദഗ്ധൻ, കേരള സർവകലാശാല മുൻ വി.സി
വയോജനങ്ങളുടെ എണ്ണം അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്ന കേരളത്തിൽ വയോജനക്ഷേമം ഒരു ക്ഷേമപദ്ധതിയുടെ പരിധിയിൽ ഒതുങ്ങേണ്ട വിഷയമല്ല; അത് ആരോഗ്യ-സാമൂഹിക നയങ്ങളുടെ കേന്ദ്രഭാഗമായി മാറേണ്ട കാലമാണിത്. വയോജന ദിനത്തിന്റെ ഭാഗമായി സർക്കാർ അടിയന്തര പരിഗണന നൽകേണ്ട മൂന്ന് പ്രധാന പദ്ധതികൾ സമർപ്പിക്കുന്നു.
ഒന്ന്: മുതിർന്ന പൗരന്മാർക്ക് ‘സമഗ്ര
ശ്വാസകോശ സുരക്ഷാകവചം’ - വയോജന വാക്സിനേഷൻ
കേരളത്തിലെ വയോജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഇടപെടലുകളിലൊന്നാകണം വയോജന വാക്സിനേഷൻ. നിലവിലെ സാർവത്രിക വാക്സിനേഷൻ പരിപാടി പ്രധാനമായും കുട്ടികളെ കേന്ദ്രീകരിച്ചുള്ളതാണ്. എന്നാൽ വയോജന ജനസംഖ്യ കൂടുതലുള്ള പല രാജ്യങ്ങളിലും മുതിർന്നവർക്കും രോഗപ്രതിരോധ വാക്സിനുകൾ ലഭ്യമാക്കുന്നുണ്ട്. കേരള സർക്കാർ നിയോഗിച്ച വാക്സിൻ നയരൂപീകരണ സമിതി മുതിർന്നവർക്കുള്ള വാക്സിനേഷനെക്കുറിച്ച് നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. അതനുസരിച്ച് 65 വയസിനു മുകളിലുള്ളവർക്ക് വർഷംതോറും ഫ്ലൂ വാക്സിനും ശ്വാസകോശ രോഗാണുബാധകൾ തടയുന്നതിനായി ഒറ്റത്തവണ ന്യൂമോകോക്കൽ വാക്സിനും ലഭ്യമാക്കുന്നത് പരിഗണിക്കേണ്ടതാണ്.
മുതിർന്നവർക്കുള്ള വാക്സിനേഷൻ സർക്കാർ നയമായി പ്രഖ്യാപിക്കുന്നതുതന്നെ വാക്സിനുകളുടെ വില കുറയ്ക്കുന്നതിനും അവ കൂടുതൽ വ്യാപകമായി ലഭ്യമാക്കുന്നതിനും സഹായകമായേക്കാം. ഹെപ്പറ്റൈറ്റിസ് ബി വാക്സിന്റെ കാര്യത്തിലെ അനുഭവം ഇതിന് ഒരുദാഹരണമാണ്. സർക്കാർ ആശുപത്രികളിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും വാക്സിനുകൾ ലഭ്യമാക്കണം. വാക്സിൻ നിർമാതാക്കളുമായി സർക്കാർ നേരിട്ട് ചർച്ച നടത്തി കുറഞ്ഞ വില ഉറപ്പാക്കാനും, സ്വകാര്യ ആശുപത്രികളിലും കുറഞ്ഞ നിരക്കിൽ വാക്സിനേഷൻ ലഭ്യമാക്കാൻ നിർദേശം നൽകാനും കഴിയും. നിലവിലുള്ള മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ വയോജന വാക്സിനേഷൻ ഉൾപ്പെടുത്തുന്നതും പരിഗണിക്കാവുന്നതാണ്. അതോടൊപ്പം, വയോജന വാക്സിനേഷൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് കേരളം ആവശ്യപ്പെടുകയും വേണം.
രണ്ട്: പൊതുവിടങ്ങളിൽ ശാസ്ത്രീയവും ശുചിത്വപൂർണവുമായ ശൗചാലയ ശൃംഖല
കേരളത്തിൽ മുതിർന്ന സ്തീകൾ നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് അറിയാതെ മൂത്രം പോകുന്ന ഗുരുതരമായ ശാരീരികാവസ്ഥ (Incontinence of urine). ഇതിനു കാരണം പൊതുവിടങ്ങളിൽ വൃത്തിയുള്ള ശൗചാലയങ്ങളുടെ അഭാവമാണ്. സ്തീകൾ വൃത്തിയുള്ള ശൗചാലയങ്ങൾ മാത്രമാണ് ഉപയോഗിക്കുക. ഇവ ലഭ്യമല്ലാത്തതിനാൽ മണിക്കൂറുകളോളം മൂത്രവിസർജനം തടഞ്ഞുവയ്ക്കാൻ സ്ത്രീകൾ നിർബന്ധിതരാകുന്നു. ഇത് സ്ത്രീകളിൽ ആവർത്തിച്ചുള്ള മൂത്രാശയ രോഗാണുബാധയ്ക്ക് (Recurrent UTI) കാരണമാവുന്നു. ഇതാണ് പിൽക്കാലത്ത് പ്രായമാകുമ്പോൾ അറിയാതെ മൂത്രം പോകുന്ന അവസ്ഥക്ക് കാരണമാവുന്നത്.
സ്ത്രീകളുടെ ആരോഗ്യസംരക്ഷണവും അന്തസും മുൻനിർത്തി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനവ്യാപകമായി ആധുനികവും വൃത്തിയുള്ളതുമായ സ്ത്രീസൗഹൃദ ശൗചാലയങ്ങൾ സ്ഥാപിക്കുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്കരിക്കണം. ഇവയുടെ ദീർഘകാല പരിപാലനത്തിനായി (Maintenance) കൃത്യമായ ഒരു മാനേജ്മെന്റ് മാതൃകയും വിഭാവനം ചെയ്യേണ്ടതുണ്ട്.
മൂന്ന്: മുതിർന്ന പൗര വകുപ്പ് കീഴിൽ മുതിർന്ന വനിതകൾക്കായി പ്രത്യേക വിഭാഗം
കേരളത്തിലെ വയോജന ജനസംഖ്യയിൽ സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലാണ്. സ്ത്രീകളുടെ ഉയർന്ന ആയുർദൈർഘ്യവും വിവാഹപ്രായത്തിലെ വ്യത്യാസവും പരിഗണിക്കുമ്പോൾ, വയോജന സ്ത്രീകൾക്ക് ജീവിതത്തിന്റെ അവസാനഘട്ടത്തിൽ ദീർഘകാലം ഏകാന്തമായി കഴിയേണ്ടിവരുന്ന സാഹചര്യം കൂടുതലാണ്. ലഭ്യമായ കണക്കുകൾ പ്രകാരം 60 വയസിന് മുകളിലുള്ളവരിൽ 58.6 ശതമാനം പേർ വിധവകളാണ്. എന്നാൽ 9.7 ശതമാനം പേർ മാത്രമാണ് വിഭാര്യർ. വിധവകളായി ഒറ്റയ്ക്ക് കഴിയേണ്ടിവരുന്ന സ്ത്രീകളിൽ ഏകാന്തത, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾക്കൊപ്പം, സാമ്പത്തിക സുരക്ഷ, പരിചരണം, സ്വത്തിന്മേലുള്ള നിയന്ത്രണം, സാമൂഹിക സുരക്ഷ തുടങ്ങിയ നിരവധി പ്രശ്നങ്ങളും ഉണ്ടാകാം.
മധ്യവയസിൽ സ്ത്രീകളുടെ ആരോഗ്യനില പലപ്പോഴും പുരുഷന്മാരേക്കാൾ മെച്ചപ്പെട്ടിരിക്കാമെങ്കിലും, പ്രായം കൂടുമ്പോൾ വയോജന സ്ത്രീകളുടെ ആരോഗ്യവും പരിചരണാവശ്യങ്ങളും കൂടുതൽ സങ്കീർണമാകാൻ സാധ്യതയുണ്ട്. അതിനാൽ വയോജന സ്ത്രീകളുടെ പ്രത്യേക സാമൂഹിക, സാമ്പത്തിക, ആരോഗ്യ ആവശ്യങ്ങൾ പൊതുവായ വയോജന നയത്തിനുള്ളിൽ മറഞ്ഞുപോകാതെ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്.
ഇതിനായി മുതിർന്ന പൗര വകുപ്പിന് കീഴിൽ മുതിർന്ന വനിതകൾക്കായി പ്രത്യേക വിഭാഗം രൂപീകരിക്കണം. ആരോഗ്യപരിചരണം, മാനസികാരോഗ്യം, സാമൂഹിക സുരക്ഷ, നിയമസഹായം, സ്വത്തവകാശ സംരക്ഷണം, ഏകാന്തത പരിഹരിക്കുന്ന സാമൂഹിക പിന്തുണ തുടങ്ങിയ മേഖലകളിൽ ഏകോപിതമായ ഇടപെടലുകൾ ഈ വിഭാഗത്തിലൂടെ ആവിഷ്കരിക്കാം. വയോജന ദിനം ഒരു ആചരണദിനം മാത്രമാകാതെ, വയോജന സൗഹൃദ കേരളത്തിനായുള്ള പുതിയ നയപരമായ ഇടപെടലുകളുടെ തുടക്കമാകട്ടെ എന്നാശംസിക്കുന്നു.